അനാഥമാക്കപ്പെടുന്ന മാതൃത്വത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് സമകാലിക കവികളിൽ ശ്രദ്ധേയനായ റഫീക്ക് അഹമ്മദിൻ്റെ അമ്മത്തൊട്ടിൽ എന്ന കവിത. പെറ്റമ്മയെ തെരുവിൽ ഉപേക്ഷിക്കാൻ ഇറങ്ങിത്തിരിച്ച മകൻ്റെ ചിന്തകളുടെ ആവിഷ്കാരമാണ് ഈ കവിത. സ്നേഹത്തിനും കാരുണ്യത്തിനും പകരം സ്വന്തം സുഖ സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പുതു തലമുറയ്ക്കുള്ള ചൊൽക്കാഴ്ച്ചയാണ് അമ്മത്തൊട്ടിൽ . ബന്ധങ്ങൾ ബന്ധനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് മാതൃത്വത്തിൻ്റെ പ്രാധാന്യവും വാർദ്ധക്യത്തെ ഉൾക്കൊള്ളാൻ സാധിക്കാത്ത പുതുതലമുറയുടെ മനോഭാവവും കവിതയുടെ ആശയമായിത്തീരുന്നു.